ആരാണവൾ ?
ആകസ്മികമായാണ് ഞാൻ അവിടേക്ക് എത്തുന്നത് . ഒരു ബൈക്ക് ആക്സിഡന്റിനു ശേഷം ഒരു ആംബുലൻസിൽ ആ സൈറൺ ചുവട്ടിൽ ഞാനിരുന്നു .
കാലിൽ തരിപ്പ് കയറുന്നുണ്ട്. കഷ്ടിച്ചു രക്ഷപ്പെട്ട എന്റെ മുന്നിൽ മരണം ഒരു ചൂണ്ട കൊളുത്തെറിഞ്ഞിരുന്നു, പിടിക്കാതെ ഞാനും.
അവൻ എന്റെ അടുത്ത് കിടക്കുന്നുണ്ട്... ആ കൈ പിടിച്ച് ഞാനിരുന്നു . ചോര വാർന്നൊലിക്കുന്ന ആ കൈകളിൽ എന്റെ കയ്യും അമർന്നിരുന്നു .
ആ വണ്ടി എങ്ങോട്ടോ അലറിവിളിച്ചു പോകുന്നുണ്ട് , ഒരു സ്വപ്നം പോലെ.
തലയിൽ വെറും മരവിപ്പ് മാത്രം ഒന്നിനെക്കുറിച്ചും ചിന്തകളില്ല , എന്തൊക്കെയോ ചുറ്റും ഓടിമറയുന്നു.
ഒരു നഴ്സ് അപ്പോഴും അവന്റെ മുന്നിൽ എന്തൊക്കെയോ ചെയ്തു കൊണ്ടിരിക്കുന്നത് മാത്രം കണ്ണിൽ .
വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ അവളെ കാണണമെന്നും വേഗം വാ എന്നും മാത്രമേ അവൻ പറഞ്ഞിരുന്നുള്ളൂ . വേഗതകൂടിയതവനറിഞ്ഞിരുന്നില്ല .
ആ ആംബുലൻസിന്റെ സൈറൺ പെട്ടെന്ന് നിശബ്ദമായപ്പോൾ ആ ചോദ്യങ്ങൾ മാത്രം അവശേഷിച്ച് ഞാനും സ്തബ്ധനായി ...
ആരാണവൾ ?
~ വിശാഖ് മൂഴിക്കൽ ~
No comments:
Post a Comment